International
മയാമി: ഉപരോധം ലംഘിച്ച് വെനസ്വേലൻ എണ്ണ കടത്തിയ ടാങ്കർ കപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തു.
ഗയാനയിൽ രജിസ്റ്റർ ചെയ്ത വെറോണിക്ക എന്ന കപ്പലാണിതെന്നു സൂചനയുണ്ട്. കരീബിയന് കടലിൽവച്ചാണു പിടിച്ചെടുത്തത്.
കഴിഞ്ഞയാഴ്ചകളിൽ അമേരിക്കൻ സേന അഞ്ച് ടാങ്കറുകൾ പിടിച്ചെടുത്തിരുന്നു. ഇതിലൊന്ന് റഷ്യൻ പതാക വച്ച് സഞ്ചരിച്ചതായിരുന്നു.
International
മോസ്കോ: കസാക്കിസ്ഥാനിൽനിന്നും റഷ്യയിൽനിന്നും എണ്ണ കയറ്റുമതി ചെയ്യുന്ന കാസ്പിയൻ പൈപ്പ്ലൈൻ കൺസോർഷ്യം (സിപിസി) ടെർമിനലിനു സമീപം രണ്ട് എണ്ണ ടാങ്കറുകൾക്കു നേരേ ഡ്രോൺ ആക്രമണമുണ്ടായി.
ഗ്രീക്ക് കന്പനികളുടെ ഉടമസ്ഥതയിലുള്ള ഡെൽറ്റ ഹാർമണി, മെറ്റിൽഡ എന്നീ കപ്പലുകൾ ടെർമിനലിൽനിന്ന് എണ്ണ കയറ്റാനെത്തുന്പോഴായിരുന്നു സംഭവം. രണ്ടു കപ്പലുകൾക്കും കാര്യമായ തകരാറില്ല. ആളപായവും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഡെൽറ്റ ഹാർമണി കപ്പലിൽ ചെറിയ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ടുണ്ട്. മെറ്റിൽഡയിൽ രണ്ടു ഡ്രോണുകൾ പതിച്ചതായി സ്ഥിരീകരിച്ചു.
റഷ്യയിലെ നൊവ്റോസീസ്ക് തുറമുഖത്തിനു സമീപം സ്ഥിതിചെയ്യുന്ന സിപിസി ടെർമിനൽ ആഗോള വിപണിയിലേക്ക് എണ്ണ എത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ടെൽമിനലിൽ എത്തുന്ന 80 ശതമാനം എണ്ണയും കസാക്കിസ്ഥാനിൽനിന്നാണ്.
International
കാരക്കസ്: വെനസ്വേലയുമായി ബന്ധമുള്ള റഷ്യൻ പതാക വഹിച്ച എണ്ണക്കപ്പൽ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ച് യുഎസ് സൈന്യം പിടിച്ചെടുത്തു. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് 'മരിനേര' എന്ന എണ്ണക്കപ്പൽ പിടിച്ചെടുത്തതെന്ന് യുഎസ് സൈന്യത്തിന്റെ യൂറോപ്യൻ കമാൻഡ് അറിയിച്ചു.
ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള വെനസ്വേലൻ എണ്ണയുടെ നീക്കം ലോകത്തിന്റെ ഏത് ഭാഗത്തായാലും തടയുമെന്നും ഉപരോധം പൂർണ്മായി നിലനിൽക്കുന്നുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. വെനസ്വേലയിലേക്കും തിരിച്ചുമുള്ള എണ്ണ കപ്പലുകൾക്ക് യുഎസ് ഏർപ്പെടുത്തിയിട്ടുള്ള സമുദ്ര ഉപരോധം മറികടക്കാനും യുഎസ് കോസ്റ്റ് ഗാർഡിന്റെ പരിശോധനകളെ ചെറുക്കാനും ശ്രമിച്ചുവെന്നാരോപിച്ചാണ് കപ്പൽ പിടിച്ചെടുത്തത്.
വെനസ്വേല, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്കായി ഉപരോധം ലംഘിച്ച് എണ്ണ കടത്തുന്ന ‘ഷാഡോ ഫ്ലീറ്റ്' എന്നറിയപ്പെടുന്ന കപ്പലുകളുടെ കൂട്ടത്തിൽപ്പെട്ടതാണ് മരിനേരയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ആരോപിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് യുഎസ് സൈന്യം കപ്പലിൽ ഇറങ്ങിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കപ്പലിന് മുകളിൽ ഹെലികോപ്റ്റർ വട്ടമിട്ടു പറക്കുന്ന ദൃശ്യങ്ങളും അവർ പുറത്തുവിട്ടു.
International
കാരക്കാസ്: വെനസ്വേലയിൽനിന്നുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്ക. ശനിയാഴച പുലർച്ചെ കരീബിയൻ കടലിൽ സഞ്ചരിച്ച പനാമയുടെ പതാകയുള്ള സെഞ്ച്വറീസ് എന്ന എണ്ണടാങ്കറാണ് യുഎസ് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്.
മയക്കുമരുന്ന് വിതരണത്തിനായി പണം കണ്ടെത്താൻ ക്രൂഡ് ഓയിൽ ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് അമേരിക്ക വെനസ്വേലയ്ക്കെതിരേ ഉയർത്തിയിട്ടുള്ളത്.
വെനസ്വേല കട്ടെടുത്ത അമേരിക്കയുടെ ഭൂമിയും എണ്ണയും മറ്റ് ആസ്തികളും തിരികെ കിട്ടണമെന്നാണു ട്രംപിന്റെ പുതിയ ആവശ്യം.
1970കൾക്ക് മുൻപുവരെ വെനസ്വേലൻ എണ്ണവിപണി കൈയടക്കിവച്ചിരുന്നത് യുഎസ് കമ്പനികളായിരുന്നു. തുടർന്ന്, മഡുറോയുടെ മുൻഗാമി ഹ്യൂഗോ ഷാവേസ് അമേരിക്കൻ കമ്പനികളെ പുറത്താക്കി എണ്ണ റിഫൈനറികളെ ദേശസാത്കരിച്ചു. ഇതു ചൂണ്ടിക്കാട്ടിയാണു ട്രംപ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: വെനസ്വേലയിലെ മഡുറോ ഭരണകൂടത്തിനുമേൽ സമ്മർദം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ എണ്ണടാങ്കറുകൾ പിടിച്ചെടുക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്.
വെനസ്വേലയിൽനിന്ന് എണ്ണ കടത്തുന്ന കൂടുതൽ കപ്പലുകൾ വരുന്ന ആഴ്ചകളിൽ പിടിച്ചെടുത്തേക്കുമെന്ന് അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിച്ചു. പിടിച്ചെടുക്കേണ്ട കപ്പലുകളുടെ പട്ടിക അമേരിക്ക തയാറാക്കിയിട്ടുണ്ട്. ഈ കപ്പലുകളെല്ലാം അമേരിക്കൻ ഉപരോധം നേരിടുന്നവയാണ്.
വെനസ്വേലയിൽനിന്ന് ഏഷ്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട സ്കിപ്പർ എന്ന വന്പൻ ടാങ്കർ കഴിഞ്ഞദിവസം അമേരിക്കൻ സൈനികർ പിടിച്ചെടുത്തിരുന്നു. കപ്പൽ അമേരിക്കൻ തുറമുഖത്തെത്തിച്ച് നിയമനടപടികൾ പൂർത്തിയാക്കി അതിനുള്ളിലെ അസംസ്കൃത എണ്ണ കണ്ടുകെട്ടുമെന്നാണ് അറിയിപ്പ്. അമേരിക്കൻ നടപടി വെനസ്വേലൻ എണ്ണ കടത്തുന്ന കപ്പലുകളുടെ ഉടമസ്ഥരിൽ ഭീതി സൃഷ്ടിച്ചിട്ടുണ്ട്.
ഏകാധിപത്യ പ്രവണതയോടെ വെനസ്വേല ഭരിക്കുന്ന പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സമ്മർദത്തിലൂടെ താഴെയിറക്കാൻ യുഎസ് പ്രസിഡന്റ് ട്രംപ് അണിയറയിൽ നീക്കം നടത്തുന്നതയാണു റിപ്പോർട്ട്. വെനസ്വേലയ്ക്കു സമീപം കരീബിയൻ കടലിൽ അമേരിക്ക സൈനികവിന്യാസം നടത്തിയിട്ടുണ്ട്. ഇതിനു പുറമേ എണ്ണ ടാങ്കറുകൾ പിടിച്ചെടുക്കുന്നതു മഡുറോ ഭരണകൂടത്തെ സാന്പത്തിക പ്രതിസന്ധിയിലാക്കും. ഉപരോധങ്ങളിൽ വലയുന്ന വെനസ്വേയുടെ പ്രധാന വരുമാനമാർഗമാണ് എണ്ണ.
വെനസ്വേലൻ എണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആറ് ടാങ്കറുകൾ, ആറ് ഷിപ്പിംഗ് കന്പനികൾ, മഡുറോയുടെ പത്നി സീലിയ ഫ്ലോറസിന്റെ മൂന്നു ബന്ധുക്കളടക്കം നാലു പേർ എന്നിവർക്കെതിരേകൂടി അമേരിക്കൻ ട്രഷറി വകുപ്പ് വ്യാഴാഴ്ച ഉപരോധം പ്രഖ്യാപിച്ചു.
അമേരിക്ക ടാങ്കർ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നിക്കോളാസ് മഡുറോയുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യാഴാഴ്ച ഫോണിൽ സംസാരിച്ചു. വെനസ്വേലയ്ക്കു റഷ്യയുടെ പിന്തുണ പുടിൻ വാഗ്ദാനം ചെയ്തു.
International
ദുബായ്: എണ്ണക്കപ്പൽ സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ ആക്രമിച്ചു. ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്കു പോയ എണ്ണക്കപ്പലിനു നേരേയാണ് ആക്രമണമുണ്ടായത്. യന്ത്രത്തോക്കുകളും ഗ്രനേഡുകളുമായി എത്തിയ അക്രമികൾ വെടിയുതിർത്ത ശേഷം കപ്പലിൽ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
മാൾട്ടയിൽ രജിസ്റ്റർ ചെയ്ത കപ്പലിൽ 24 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. സുരക്ഷിത മുറിയിൽ അഭയം തേടിയ ജീവനക്കാരാണ് ഇപ്പോഴും കപ്പൽ നിയന്ത്രിക്കുന്നതെന്ന് നാവിക സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ആളപായമോ മറ്റോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
മേഖലയിലെ കപ്പലുകൾക്ക് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ ജാഗ്രതാ നിർദേശം നൽകി. മേഖലയിൽ കടൽക്കൊള്ളക്കാർ വീണ്ടും സജീവമായതായും ആക്രമണങ്ങൾക്കായി ഇവർ ഒരു ഇറാനിയൻ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്തതായും വാർത്തകളുണ്ട്. കടൽക്കൊള്ള ഏറ്റവും കൂടുതലായിരുന്ന 2011ൽ 237 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.